ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനായി ക്യാമറ വാങ്ങാൻ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി നീതു യാദവാണ് (30) അറസ്റ്റിലായത്. ഡൽഹി ദ്വാരകയിലെ ജോലിക്കായെത്തിയ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ മോഷ്ടിച്ചത്.
ജൂലൈ 15നാണ് സ്വർണ-വെള്ളി ആഭരണങ്ങൾ മോഷ്ണം പോയതായി വീട്ടുടമ പരാതി നൽകിയത്. ഏതാനും ദിവസങ്ങളായി വീട്ടിൽ ജോലിക്കെത്തിയിരുന്ന യുവതിയെ നേരത്തെ സംശയമുള്ളതായി പരാതിയിൽ പറയുന്നു. ഇതനുസരിച്ച് നീതു യാദവുമായി ഫോണിൺ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വീട്ടുകാർക്ക് നൽകിയ അഡ്രസും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചുമാണ് അന്വേഷണം പുരോഗമിച്ചത്. തുടർന്ന് യുവതിയെ ഡൽഹിയിൽ നിന്നു കടന്നുകളയുന്നതിനിടെ പിടികൂടുകയായിരുന്നു.
റീൽസ് ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി ഡിഎസ്എൽആർ ക്യാമറ വാങ്ങുന്നതിനായാണ് യുവതി മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ഭർത്താവ് ലഹരിക്കടിമയാണ്. തുടർന്നാണ് യുവതി വീടുവിട്ട് ജോലിക്കായി ഡൽഹിയിലേക്കെത്തിയത്. ഇതിനിടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അക്കൗണ്ട് തുടങ്ങി. ഇൻസ്റ്റഗ്രാമിൽ റീൽസ് പതിവായി പോസ്റ്റ് ചെയ്തിരുന്നു. റീൽസ് ചെയ്യുന്നതിനായി ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ ഒരാൾ നിർദേശിച്ചു. ഇതിന് ലക്ഷങ്ങൾ വേണ്ടി വരുമെന്ന് മനസിലാക്കിയ യുവതി വീട്ടിൽ നിന്നും സ്വർണ-വെള്ളി ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.