ഹൈവേകൾ കേന്ദ്രീകരിച്ച് രാത്രി സമയം
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ
നിന്നും പണം മോഷ്ടിക്കുന്ന രണ്ടു പേർ
പിടിയിലായി.തിരുവന്തപുരം
തോന്നയ്ക്കൽ മംഗലപുരം എന്ന
സ്ഥലത്ത് സമീർ മൻസിലിൽ നിന്നും
ആറ്റിങ്ങൽ കോരാണിയിൽ എ.വി
മന്ദിരത്തിൽ താമസിച്ച് വരുന്ന ബിനു (46),
തിരുവനന്തപുരം തോന്നയ്ക്കൽ
രോഹിണിയിൽ അനീഷ് ( 29 )
എന്നിവരാണ് പിടിയിലായത്.
മത്സ്യ വ്യാപാരികൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മിനി ലോറിയിൽ സഞ്ചാരിച്ചായിരുന്നു മോഷണം. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇതിൽ പിടിയിലായ ബിനു സമാനമായ രീതിയിൽ വാഹനങ്ങളിൽ നിന്നും പണം മോഷ്ടിച്ചതിന് നേരത്തെ പിടിയിലായിരുന്നു ഇയാൾക്ക് എതിരെ ജില്ലക്ക് അകത്തും പുറത്തുമായി 4 കേസുണ്ട്. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് ആഡംബര വീട്ടിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.പകൽ ആഡംബര വാഹനങ്ങളിൽ യാത്രയും.
ദീർഘദൂര യാത്ര ചെയ്തു ചരക്കുകളുമായി എത്തുന്ന വാഹനങ്ങൾ രാത്രി നിർത്തിയിരുന്ന സമയം വാഹനങ്ങളിൽ നിന്നും പണം മോഷണം പോകുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് അടക്കം 3 ഇടത്തുനിന്നായി 4 ലക്ഷത്തോളം രൂപ മോഷണം പോയിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെയും അയൽ ജില്ലയിലെയും 500 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റമാൻഡ് ചെയ്തു.