- പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എം. ഖുത്തുബ്. കുടവർ എ.കെ. എം. ഹൈസ്കൂളും നവകേരളം കൾചറൽ ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലകൾ ഇടിച്ച് നിരത്തുകയും മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്ത് ആവാസ വ്യവസ്ഥക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് വെള്ളപ്പൊക്കം വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കും. പുഴകളും അരുവികളും കൈയ്യേറി സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ മഴവെള്ളം റോഡുകളിലും നഗരപ്രദേശങ്ങളിലും കെട്ടിക്കിടന്ന് ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് പുഴകളിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടാതെ ശ്രദ്ധിക്കണം. വനനശീകരണവും ജലമലീനീകരണവും തടയുകയും മരങ്ങൾ വെച്ച് പിടിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തെകൾ നട്ടു. പി.റ്റി.എ. പ്രസിഡൻ്റ് അഡ്വ: എം.എം. താഹ അധ്യക്ഷത വഹിച്ചു.
മജീഷ്യൻ വർക്കല മോഹൻ ദാസ് മാജിക് ഷോ അവതരിപ്പിച്ചു. എം. ഖുത്തുബ് സംവിധാനം നിർവഹിച്ച പരിസ്ഥിതി ഫിലിം “ദൈവത്തിൻ്റെ നാട്” വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, എ.എസ്. സിന്ധു, ഫൈസി, അൻസർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് നിസ ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ അജിത് വി.ആർ നന്ദിയും പറഞ്ഞു.