വർക്കലയിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മർദ്ദനം. ആറു പേർ അറസ്റ്റിൽ
വർക്കല : പാലച്ചിറയിൽ കഴിഞ്ഞ 17ന് രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം.പാലച്ചിറ പെട്രോൾ പമ്പിൽ നിന്നും രാത്രി 9.30 ന് ഇന്ധനം നിറച്ച ശേഷം സമീപത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്ത് രണ്ടംഗ സംഘം ക്രമാതീതമായ ശബ്ദത്തിൽ സ്കൂട്ടി ഇരപ്പിച്ച് ശബ്ദം ഉണ്ടാക്കിയപ്പോൾ ആട്ടോ തൊഴിലാളികൾ ചോദ്യം ചെയ്യുകയും തുടർന്ന് പരസ്പരം അസഭ്യം വിളിക്കുകയും വാക്കേറ്റത്തെ തുടർന്ന് ചെറിയ രീതിയിൽ കയ്യാങ്കളിയും നടന്നു. തുടർന്ന്
സ്കൂട്ടിയിൽ വന്ന യുവാക്കൾ തിരികെ പോവുകയും ചെയ്തു.
അതിനു ശേഷം രാത്രി 11 മണിയോടെ രണ്ടു കാറുകളിലായി എത്തിയ ആറംഗ സംഘം ഓട്ടോ സ്റ്റാൻഡിലെത്തി നേരത്തേ പ്രശ്നത്തിലേർപ്പെട്ട ഓട്ടോ തൊഴിലാളികളെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
ബിയർ ബോട്ടിൽ , ഇരുമ്പ് വടികൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘാംഗങ്ങൾ ഓട്ടോ തൊഴിലാളികളെ ഇരുമ്പ് വടിക്ക് തലയ്ക്കടിച്ചും ബിയർ ബോട്ടിൽ ഉപയോഗിച്ച് അടിച്ചും, വയറ്റിൽ കുത്തിയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ഓട്ടോ തൊഴിലാളികളായ സാബു, കബീർ , മുനീർ , നാദിർഷ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
പാലച്ചിറ സ്വദേശിയായ കബീർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളായ വെട്ടൂർ അരിവാളം സ്വദേശിയായ 25 വയസ്സുള്ള ഹക്‌തർ ,
വിളബ്ഭാഗം സ്വദേശിയായ 27 വയസ്സുള്ള സുൽത്താൻ , മേലെ വെട്ടൂർ സ്വദേശിയായ 26 വയസ്സുള്ള ഷിബു എന്ന് വിളിക്കുന്ന റാസിം ഷാ ,
വെട്ടൂർ ഊറ്റുവഴി സ്വദേശിയായ 27 വയസ്സുള്ള ഖൽഫാൻ എന്ന് വിളിക്കുന്ന ഷഹാൻ വിളബ്ഭാഗം സ്വദേശിയായ 28 വയസ്സുള്ള ഷെറിൻ, മേലേ വെട്ടൂർ സ്വദേശിയായ 21 വയസ്സുള്ള ഖയിസ് എന്നീ ആറു പ്രതികളേയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.