വയനാട് ദുരന്തത്തിൽ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരന്തത്തിൻ്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
“കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ഫോണിൽ വിളിച്ചിരുന്നു. തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നത്. വയനാട്ടിലെ ദുരന്തത്തിന് പിന്നാലെ എല്ലാവരും ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമില്ല. ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. പണ്ടും നമ്മൾ വകമാറ്റി ചെലവഴിച്ചതിനെ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ല. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണം,” രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തെ വിമര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശിച്ചു. “ഏതെങ്കിലും ചെറിയ ശബ്ദങ്ങൾ വരുന്നെങ്കിൽ അത് കാണണ്ട” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അത് മറ്റെന്തെങ്കിലും ഉദ്ദേശിച്ച് പറഞ്ഞതായിരിക്കും എന്നും പൊതുവെ ഏവരും സഹകരണ സമീപനമാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തിൻ്റെ കയ്യിൽ മാസശമ്പളം നൽകേണ്ടതില്ല. പണം സ്വരൂപിക്കാൻ കോൺഗ്രസിന് അതിന്റേതായ ഫോറമുണ്ടെന്നുമാണ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ കെ. സുധാകരന് പറഞ്ഞത്. “സർക്കാരിന് പണം നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിക്ക് അതിന്റേതായ ഫോറമുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടല്ലോ. അതുവഴി നൽകാലോ. ഇടതുപക്ഷത്തിന്റെ കൈയ്യിൽ കൊടുക്കേണ്ട കാര്യമില്ല,” കെ. സുധാകരൻ പറഞ്ഞു.